അമല ഭാരതം സേവന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
1- ഇന്‍ഡ്യയെ മാലിന്യമുക്തമാക്കുവാന്‍ ആവശ്യമായ പ്രയോഗിക കര്‍മപരിപാടികളിലേര്‍പ്പെടുക. ശുചിത്വത്തിലൂടെ ആരോഗ്യ പരിപാലനം സാദ്ധ്യമാക്കുക. മാലിന്യങ്ങള്‍ ശേഖരിക്കുകയും ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്യുക
2- പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക.
അമ്മ പറഞ്ഞ വാക്കുകള്‍ :
" ഇന്‍ഡ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നമ്മുടെ രാജ്യം പുരോഗതിയെ പ്രാപിക്കുകയാണെന്നും പറയുന്നു. എന്നിരുന്നാലും, പരിസര ശുചിത്വത്തിന്റെയും അതുവഴിയുള്ള ആരോഗ്യ പരിപാലനത്തിന്റെയും കാര്യത്തില്‍ നൂറ്റാണ്ടുകളായി നാം കാലവിളംബം വരുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പൊതുനിരത്തുകളിലും കക്കൂസുകളിലും കുളിമുറികളിലും കാണപ്പെടുന്ന ശുചിത്വമില്ലായ്മ ഇതിന് തെളിവാണ്. നമ്മുടെ ഈ വൃത്തിയില്ലായ്മയുടെ പേരില്‍ ലോകരാജ്യങ്ങളുടെ മുന്‍പില്‍ ഇനിയൊരിക്കലും നാം ലജ്ജിക്കാനിടവരരുത്. നമ്മുടെ വീടുകളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏവരുടെയും പാവനമായ കടമയാണെന്നുള്ളത് നാം മനസ്സിലാക്കണം . ഊണും ഉറക്കവും എന്നതു പോലെ തന്നെ, പ്രാധാന്യത്തോടെ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ അനുദിന ചര്യകളുടെ ഭാഗമായി കാണണം .സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുവാന്‍ വേണ്ടി നാം ദിവസവും കുളിക്കാറുള്ളതുപോലെ യും സുഗന്ധലേപനങ്ങളുപയോഗിക്കുന്നത് പോലെയും ശ്രദ്ധയോടും താല്‍പര്യത്തോടും കൂടി നമ്മുടെ രാജ്യത്തിന്റെ അവയവങ്ങളായ റോഡുകളും പൊതുസ്ഥലങ്ങളും മാലിന്യരഹിതമായി സൂക്ഷിക്കുമെന്നുള്ള ഒരു ഉറച്ച തീരുമാനം നാമെടുക്കണം. |