വര്‍ത്തമാനകാല സിനിമയെ കൂടുതല്‍ അടുത്തറിയാന്‍
സിനിമയുടെ അധികമാരും അറിയാത്ത വിശദാംശങ്ങളിലേക്കും വിസ്മയക്കാഴ്ചകളിലേയ്ക്കുമുള്ള ഒരു യാത്രയാണ് അമൃതാ ടെലിവിഷന്‍ അവതരിപ്പിക്കുന്ന ' സിനിമാക്കാര്യങ്ങള്‍ ' . ഈ പരിപാടിയുടെ അവതാരകന്‍ പ്രഗത്ഭ യുവസംവിധായകന്‍ ലാല്‍ ജോസാണ്. സിനിമയെന്ന ' സം യുക്ത സാഹസ 'ത്തിന് പിന്നിലെ പ്രധാന അണിയറ ശില്‍പികളുടെ പ്രയത്നങ്ങളും സിനിമാ ടെക്നിക്കുകളുമാണ് ഈ പ്രോഗ്രാമിലൂടെ വെളിപ്പെടുന്നത്. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളോടൊപ്പം സിനിമയിലെ കൂടുതല്‍ അറിയപ്പെടാത്ത സാങ്കേതിക മേഖലകളിലെ പ്രധാന ഘടകങ്ങളായ സംഘട്ടനം, വെടിവെയ്പ്, പൊട്ടിത്തെറി, അഗ്നി ബാധ തുടങ്ങി ശബ്ദവിന്യാസം,ചിത്ര സംയോജനം, ഗ്രാഫിക്സ്, ഛായാഗ്രഹണം, മേക്കപ്പ് വരെയുള്ള കാര്യങ്ങളിലെ പുതിയ പ്രവണതകളെയും കൂടി പ്രേക്ഷകര്‍ക്ക് അടുത്തറിയാനുള്ള അവസരമാണ് ' സിനിമാക്കാര്യങ്ങളി'ലൂടെ അമൃതാ ടെലിവിഷന്‍ ഉന്നം വെയ്ക്കുന്നത്. ഇപ്പറഞ്ഞ ഓരോ ഘടകങ്ങളുടെയും കലാപരവും സാങ്കേതികവുമായ ചട്ടക്കൂടുകള്‍ക്കൊപ്പം അവയുടെ വിശദാംശങ്ങളും ടെക്നിക്കുകളുമെല്ലാം അവതാരകന്‍ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.സംവിധായകര്‍ , അഭിനേതാക്കള്‍ , സാങ്കേതിക വിദഗ്ധര്‍ , സ്റ്റണ്ട് ഡ്യൂപ്പുകള്‍ , നൃത്തസംവിധായകര്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും ഈ പ്രോഗ്രാമിന്റെ അന്ത:സത്തയ്ക്കനുയോജ്യമായ കാര്യങ്ങള്‍ ഫലപ്രദമായി ചര്‍ച്ച ചെയ്യുന്നു. സിനിമാക്കാര്യങ്ങളുടെ ചിത്രീകരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലുമായാണ് പൂര്‍ത്തിയാക്കിയത്. |