കൗതുകമുണര്‍ത്തുന്ന കുരുന്നുകളുടെ ചെറിയ ലോകം
ശൈശവ നിഷ്ക്കളങ്കതയുടെയും കുരുന്നു ബാല്യങ്ങളുടെയും ചെറിയ ലോകമാണ് അമൃതാ റ്റിവി അവതരിപ്പിക്കുന്ന' ലിറ്റില്‍ വേള്‍ഡ് '. ഇതു വഴി കുട്ടികള്‍ക്ക് അവരുടെ നൈസര്‍ഗ്ഗികമായ ചലനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും അവസരം ലഭിക്കുകയും അവരുടെ മാനസികവും ബുദ്ധിപരവും ശാരീരികവുമായ കഴിവുകള്‍ വികസിക്കുകയും അതോടൊപ്പം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വീടുകളിലും സമീപ പരിസരങ്ങളിലും കളിസ്ഥലങ്ങളിലും അവരുടെ ഏകാന്തതകളിലും ഒത്തു ചേരലുകളിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഈ ചെറിയ വലിയ ലോകത്തിലേക്കുള്ള എത്തിനോട്ടം മുതിര്‍ന്നവരിലെ ശിശുഭാവത്തെയും നിഷ്ക്കളങ്കതയെയും കൂടി ഉണര്‍ത്തി അവരെയും ആനന്ദിപ്പിക്കുന്നു. കൗതുകവും തജ്ജന്യമായ സന്തോഷവും ഒരേസമയം ഉളവാക്കുന്ന ലിറ്റില്‍ വേള്‍ഡിലെ കാഴ്ചകള്‍ ഒരു മദ്ധ്യവേനലവധി സ്പെഷ്യലായി എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണിക്ക് പ്രേക്ഷകര്‍ക്ക് ആസ്വദിക്കുവാനാകും. അര മണിക്കൂര്‍ സമയമുള്ള ഈ നിഷ്ക്കളങ്ക ലീലാവിശേഷ കൗതുകങ്ങള്‍ അതേ പ്രായക്കാരായ ശിശുക്കള്‍ക്കും ബാലികാബാലന്മാര്‍ക്കും അറിയാനും ഉള്‍ക്കൊള്ളാനുമുതകുന്ന ആകാംക്ഷയും പ്രേരണയുമുളവാക്കുന്നു. മുതിര്‍ന്നവരുടെ ഉള്ളിന്നുള്ളിലേക്ക് സ്വയം ഒരെത്തിനോട്ടത്തിനും തിരിച്ചറിവിനുമുള്ള ഈ ' കണ്ണാടികള്‍ ' , ' കുട്ടി താന്‍ മാനവന്നച്ഛന്‍ ' എന്ന വേഡ്സ് വര്‍ത്തിന്റെ പ്രസിദ്ധമായ കാവ്യ പ്രസ്താവന എത്രമാത്രം ശരിയാണെന്നു നമുക്ക് കാട്ടിത്തരുന്നു. ബാല്യം വിട്ടു മാറാത്ത ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഈ പ്രോഗ്രാമിന്റെ അവതാരകര്‍ . ഇവര്‍ പരിചയപ്പെടുത്തുന്ന ഒരു അങ്കിളും കുട്ടികള്‍ക്ക് പരിശീലകനായെത്തുന്നു. കുട്ടികളെ സ്വതന്ത്രരായി വിടുമ്പോള്‍ അവര്‍ക്ക് യഥേഷ്ടമുള്ള ചേഷ്ടകള്‍ക്ക് അവസരം ലഭിക്കുകയും അവരുടെ സന്തോഷത്തിനും മാനസികമായ വളര്‍ച്ചയ്ക്കും അത് കാരണമാവുകയും ചെയ്യുന്നു എന്ന് പ്രോഗ്രാം കാണുമ്പോള്‍ കൂടുതല്‍ ബോദ്ധ്യമാവുന്നു.ദാഹിക്കുമ്പോള്‍ കുഞ്ഞ് കുസൃതികള്‍ തനിയെ ഗ്ളാസില്‍ വെള്ളമൊഴിച്ചു കുടിക്കുന്നതും വിശക്കുമ്പോള്‍ ആഹാരം സ്വയം വിളമ്പി കഴിക്കുന്നതും കളിക്കുന്നതും കുളിക്കുന്നതും സ്വന്തം ഭാവനയ്ക്കനുസരിച്ച് ചില കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതും അവ കണ്ടാസ്വദിക്കുന്നതും കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുന്നതുമെല്ലാം അവരുടെ പ്രവൃത്തികളിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു, കഴിവുകളെ ഉണര്‍ത്തുന്നു.വീടും പരിസരവും പ്രകൃതിയൂം സംവദിക്കുവാനും സല്ലപിക്കുവാനും സംവേദനങ്ങളുള്‍ക്കൊള്ളാനുമുള്ള വേദിയായി മാറുന്നു. പരിതസ്ഥിതികളെക്കുറിച്ചുള്ള അവബോധമുളവാക്കാനും പരിസരങ്ങളെ തിരിച്ചറിയാനും അവര്‍ക്കവസരം ലഭിക്കുന്നു. പടം വരയ്ക്കുക, പൂക്കളുണ്ടാക്കുക, കാര്‍ഡ് ബോര്‍ഡു കൊണ്ട് ഇഷ്ടപ്പെട്ട സാധനങ്ങളുണ്ടാക്കുക തുടങ്ങി ഇലക്ട്രിസിറ്റി ലാഭിക്കുന്നതിനുള്ള ഉപായം വരെ അവര്‍ക്കറിയാം. കലയും കരകൗശലവും വേണ്ടി വന്നാല്‍ അല്‍പം ശാസ്ത്രവുമെല്ലാം അവര്‍ക്ക് വഴങ്ങും. കുരുന്നുകളുടെ വിസ്മയ ലോകത്തേക്ക് അവരെപ്പോലുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും എത്തിനോക്കാനുള്ള ജാലകമാണ് ഈ പ്രോഗ്രാം.
|