മലയാളം , തമിഴ് , ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങള്‍ അവര്‍ അഭിനയിച്ച ആദ്യ സിനിമയിലെ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്ന ഏറെ പുതുമകള്‍ നിറഞ്ഞ ഒരു പരിപാടിയാണ് "മൈ ഫസ്റ്റ് ഫിലിം". ആദ്യമായി സിനിമാ അഭിനയവേദിയിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം, ആശ്ചര്യം, സംഭ്രമം, ഹര്‍ഷം, ഉല്‍ക്കണ്ഠ,പ്രചോദനം, തുടങ്ങിയ വൈകാരികാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന മനസ്സോടെ വെളിപ്പെടുത്തുന്ന ഈ പരിപാടി ഡിസംബര്‍ 19 മുതല്‍ എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്നു. ആദ്യമായി ക്യാമറയ്ക്ക് മൂന്നില്‍ നില്‍ക്കുമ്പോഴുള്ള സംഭ്രമം, സംവിധായകന്‍ മെഗാഫോണിലൂടെ ' ആക്ഷന്‍ ' പറയുമ്പോഴുള്ള വെപ്രാളം , അഭിനയജീവിതത്തില്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ള പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും തരണം ചെയ്യേണ്ടി വന്ന വെല്ലുവിളികളും പ്രതിസന്ധികളും ഇങ്ങനെയുള്ള അഭിനയാനുഭവങ്ങളുടെ വര്‍ണ്ണച്ചെപ്പുകള്‍ ഓരോന്നായി താരങ്ങള്‍ നേരിട്ട് തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറക്കുന്ന ഈ പരിപാടിയില്‍ എല്ലാ താരങ്ങളോടും ഒരേ ചോദ്യങ്ങള്‍ തന്നെയാണ് ആങ്കര്‍ ചോദിക്കുന്നത്. അഭിനയ സ്വപ്നസാക്ഷാത്ക്കാരത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള ആദ്യത്തെ കോള്‍ ഷീറ്റ് ഒപ്പ് വച്ച നിമിഷം , സിനിമയുടെ ഭാഗമായി തീര്‍ന്നപ്പോഴത്തെ മാനസികാവസ്ഥ, ആദ്യ ഷോട്ട്, ആദ്യത്തെ ഗാന രംഗം, ആരാധകര്‍ ഓട്ടോഗ്രാഫുകള്‍ക്കായി സമീപിച്ചപ്പോഴുണ്ടായ ചേതോവികാരം, ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും ഹസ്തദാനങ്ങള്‍ സ്വീകരിച്ചപ്പോഴുള്ള സംതൃപ്തി എന്നിങ്ങനെ പ്രേക്ഷകര്‍ അറിയാന്‍ ഏറെ ആഗ്രഹിക്കുന്ന താര സ്മൃതികളുടെ വിശേഷക്കാഴ്ചകളാണ് ഓരോ എപ്പിസോഡും കാട്ടിത്തരുന്നത്. താരങ്ങളുടെ വിവിധ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ നിന്നാണ്"മൈ ഫസ്റ്റ് ഫിലി"മിന്റെ അഭിമുഖ ചിത്രീകരണം നടക്കുന്നത്.
ഓരോ എപ്പിസോഡിന്റെയും ആരംഭത്തില്‍ ആങ്കര്‍ ഏതാനും വാക്കുകളിലൂടെ താരത്തെ പരിചയപ്പെടുത്തുന്നു . ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് തുടര്‍ന്നുള്ള ചിത്രീകരണം. ആദ്യ് എപ്പിസോഡുകളില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ കാവ്യാ മാധവന്‍, ഭാവന, ഭാമ, പ്രിയാമണി, കാതല്‍ സന്ധ്യ, ഡിംപിള്‍ കപാഡിയ, അമര്‍സിങ്ങ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ പ്രേക്ഷകരോട് സംവദിക്കുന്നു. |