സുരേന്ദ്ര പണിക്കരുടെ കു:ടുംബം അനേകം തലമുറകളായി കക്കയം വന പ്രദേശത്ത് താമസിച്ചു വരികയാണ് . പൂര്‍വ്വികര്‍ അധിവാസമുറപ്പിച്ച, താന്‍ ജനിച്ചു വളര്‍ന്ന ഭൂമിയുമായുള്ള സുദൃഢ ബന്ധത്തിന്റെ വേരറുത്ത് അവിടം വിട്ടു പോകുവാന്‍അദ്ദേഹത്തിന് വൈമനസ്യമുണ്ട് . മലബാര്‍ വനങ്ങളില്‍ ഇന്നവശേഷിക്കുന്ന നിത്യഹരിത വന പ്രദേശങ്ങളില്‍ ഒന്നാണ് ധാരാളം വന്യമൃഗങ്ങള്‍ ഉള്ള കക്കയം റിസര്‍വ് വനം.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോരാട്ടത്തിന് പഴശ്ശിരാജ , ഇടതൂര്‍ന്ന ഈ കൊടും കാട്ടില്‍ ഏറെക്കാലം താവളമടിച്ചിരുന്നതായി പറയപ്പെടുന്നു. ആന, കരടി, കാട്ടുപോത്ത് പുലി, കുറുക്കന്‍ , കാട്ടുപന്നി തുടങ്ങിയ ഹിംസ്രജന്തുക്കളുടെ വാസഗേഹമാണ് കക്കയം കാടുകള്‍ . പണിക്കരുടെ കു:ടുംബം ചേക്കേറിയത് അതിമനോഹരമായ ഈ മഴക്കാടുകളിലെ ഒരുകുന്നിലാണ് . കുറെക്കാലമായി, ഇരുട്ടു വീണാല്‍ പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികളായി വരുന്ന വന്യമൃഗങ്ങളെ പേടിച്ച് കഴിയേണ്ടി വരുന്ന അവസ്ഥയിലാണ് അവിടെയുള്ള മൂന്ന് കു:ടുംബങ്ങള്‍ . പ്രശ്നത്തിന് പരിഹാരം തേടി പണിക്കര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തന്നെ കാണാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് പട്ടയമുള്ള തങ്ങളുടെ സ്ഥലം വനം വകുപ്പ് ഏറ്റെടുക്കണമെന്നും തങ്ങള്‍ക്ക് പാര്‍ക്കാന്‍ പകരം ഭൂമി നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം . വര്‍ഷം പത്ത് കഴിഞ്ഞു. പക്ഷെ, പണിക്കരുടെ നിവേദനം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെറും വനരോദനമായി കലാശിച്ചു . കാട്ടു മൃഗങ്ങളുടെ ശല്യത്തിനിപ്പോള്‍ രാപകല്‍ ഭേദമില്ല. വന്യജീവികളെക്കൊണ്ടുള്ള ഭയത്തിനും ഉദ്യോഗസ്ഥരുടെ ഉദാസീനതയ്ക്കും ഇടയില്‍ ’ ഇനി എന്ത് ? ‘ എന്ന സന്നിഗ്ദ്ധാവസ്ഥയിലായി പണിക്കര്‍ . അപ്പോഴാണ് അമൃതാ റ്റിവി യുടെ രംഗപ്രവേശം . ഈ കഥ കേട്ടറിഞ്ഞ ചാനലിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് യാധാര്‍ഥ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും അമൃതാ റ്റിവി യുടെ ന്യൂസ് ബുള്ളറ്റിന്‍ ടോപ്പ് റ്റെന്‍ അറ്റ് റ്റെന്‍ - ല്‍ വാര്‍ത്ത സംപ്രേഷണം ചെയ്യുകയുമുണ്ടായി. അങ്ങനെ ഇത് മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുകയും ഉടനെ തന്നെ കമ്മീഷനും കലക്ടറും സ്ഥലം സന്ദര്‍ശിച്ച് നിജ:സ്ഥിതി ബോധ്യപ്പെടുകയും പണിക്കരുടെ അപേക്ഷയില്‍ സത്വര നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു . ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ട് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മന്ത്രി സഭയുടെ പരിഗണനയ്ക്ക് വിധേയമാക്കാനും സാധിച്ചു . സുരേന്ദ്ര പണിക്കരുടെയും മറ്റ് രണ്ട് കു:ടുംബങ്ങളുടെയും പുനരധിവാസത്തിനായി മന്ത്രി സഭ മുപ്പത് ലക്ഷം രൂപ ഗഡുക്കളായി അനുവദിച്ചു. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ വീതം മന്ത്രി തന്നെ നേരിട്ട് സ്ഥലത്തെത്തി പണിക്കര്‍ക്കും മറ്റ് രണ്ട് കു:ടുംബങ്ങള്‍ക്കും നല്‍കി. തദവസരത്തില്‍ നടത്തിയ സമ്മേളനത്തില്‍ അമൃതാ റ്റിവി യും ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടവും ഇക്കാര്യത്തില്‍ ചെയ്ത പ്രയത്നങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു .
മലയാളം റ്റിവി ചാനലുകളുടെ ചരിത്രത്തിലാദ്യമായി ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു പ്രശ്നത്തിന് ഗവണ്‍മെന്റ് നടപടിയെടുക്കുന്നത് ഇതാദ്യമാണ് . ഈ പ്രശ്നം ദീപക് ധര്‍മ്മടവും അമൃതാ ചാനലും വാര്‍ത്ത വഴി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നി ല്ലായിരുന്നെങ്കില്‍ പൊടി പിടിച്ച് പഴകിയ ഏതെങ്കിലും സര്‍ക്കാര്‍ ഫയലില്‍ " കക്കയം വനത്തിലെ ഹിംസ്ര മൃഗങ്ങള്‍ക്ക് ഇരയായവര്‍ " എന്ന ശീര്‍ഷകത്തിന് കീഴില്‍ സുരേന്ദ്ര പണിക്കരുടെയും കു:ടുംബാംഗങ്ങളുടെയും പേരുകള്‍ ഒരു പക്ഷെ, വെറും ഒരു സ്ഥിതി വിവരക്കണക്കായി രേഖപ്പെട്ടു കിടക്കുമായിരുന്നു. |