ശ്രീപത്മനാഭ സ്വാമിയുടെ കഥകളുടെ ദൃശ്യാവിഷ്കാരവുമായി " ശ്രീപത്മനാഭം '
അനന്തശായിയായ ശ്രീപത്മനാഭസ്വാമിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന മെഗാസീരിയല്‍ " ശ്രീപത്മനാഭം ' , ജനവരി 26 മുതല്‍ തിങ്കള്‍ - വെള്ളി രാത്രി 9.30 ന്.
ലോകപ്രശസ്തമായി മാറിയ ശ്രീപത്മനാഭസ്വാമിക്ഷേത്രസംബന്ധിയായ കഥകളിലേക്ക് വെളിച്ചം വീശാന്‍ ഒരു മെഗാപരമ്പര - " ശ്രീപത്മനാഭം ' . കാസര്‍കോട് അനന്തപുരം ക്ഷേത്രത്തില്‍ ഭഗവാനെ പൂജ ചെയ്തിരുന്ന വില്വമംഗലത്ത് സ്വാമിയാരുടെ നിരന്തരമായ പ്രാര്‍ത്ഥന പ്രകാരം ഭഗവാന്‍ ഒരു ബാലന്‍റെ രൂപത്തില്‍ അദ്ദേഹത്തിന് മുന്നില്‍
പ്രത്യക്ഷപ്പെടുകയും അനന്തന്‍കാട്ടില്‍ വെച്ച് തന്‍റെ സാക്ഷാത് രൂപത്തില്‍ ദര്‍ശനം നല്‍കുകയും ചെയ്തു. സ്വാമിയാര്‍ക്ക് ദിവ്യദര്‍ശനം ലഭിച്ച സ്ഥാനത്താണ് പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ സഹായത്തോടെ അമ്പലം പണിതത്.
തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ രാജ്യവും സകല സ്വത്തുക്കളും പത്മനാഭസ്വാമിയ്ക്ക് "തൃപ്പടിദാന'മായി സമര്‍പ്പിക്കുകയും പത്മനാഭദാസനായി രാജ്യം
ഭരിക്കുകയും ചെയ്ത ചരിത്രപ്രാധാന്യമുള്ള നാളുകളെ പുനരാവിഷ്കരിക്കുകയാണ് മെഗാപരമ്പരയായ " ശ്രീപത്മനാഭം ' .
രവിവര്‍മ്മ കുലശേഖരന്‍റെ ഭരണകാലം മുതല്‍ ചിത്തിര തിരുനാളിന്‍റെ കാലഘട്ടം വരെയുള്ള ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന മൂഹൂര്‍ത്തങ്ങളുടെ ലളിതവും ശക്തവുമായ ദൃശ്യാഖ്യാനത്തിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ചരിത്രസത്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് " ശ്രീപത്മനാഭം ' .
സുരേഷ് ഉണ്ണിത്താന്‍ അണിയിച്ചൊരുക്കിയ ഈ മെഗാസീരിയലിലെ കഥാപാത്രങ്ങളായി എത്തുന്നത് ദേവന്‍ , മോഹന്‍ ശര്‍മ്മ , നിവേദ്യം പത്മകുമാര്‍ , പ്രവീണ , അംബിക , ശ്രീലക്ഷ്മി ,ശാലു മേനോന്‍ ,മായാ മൌഷ്മി , രശ്മി ബോബന്‍ , ശരത് , സോനു തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളാണ് .
ഐതിഹ്യത്തെയും ചരിത്രസത്യങ്ങളെയും വലിച്ചുനീട്ടാതെ , വളച്ചൊടിക്കാതെ യഥാതഥമായി പ്രേക്ഷകസമക്ഷം അവതരിപ്പിക്കുകയാണ് അമൃത ടി വിയുടെ മെഗാപരമ്പര " ശ്രീപത്മനാഭം ' .
|