സ്വപ്നക്കൂട്
മനസിലെ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആവശ്യമായ എല്ലാവിധ മാര്‍ഗനിര്‍ദേശങ്ങളും തരുന്ന ഒരു പ്രോഗ്രാമാണ് അമൃത റ്റിവി അവതരിപ്പിക്കുന്ന സ്വപ്നക്കൂട്. ഒരു വീടിന്റെ അടിസ്ഥാനരൂപകല്‍പ്പന മുതല്‍ അവസാന മിനുക്ക് പണികള്‍ വരെ നടത്താന്‍ ഈ പരിപാടി നമ്മെ സഹായിക്കുന്നു.2011 ഫെബ്രുവരി 12 ന് സംപ്രേക്ഷണം ആരംഭിച്ച ഈ പ്രോഗ്രാം എല്ല ശനിയാഴ്ച്ചയും ഉച്ചയ്ക്ക് 12.30 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
4 ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള ഈ പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡിലും തെരഞ്ഞെടുത്ത ചില ഭവനങ്ങളെ കാഴ്ച്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.വ്യത്യസ്തനിര്‍മ്മാണച്ചെലവില്‍ പണിത ചെറിയ- ഇടത്തരം-മുന്തിയ വിഭാഗങ്ങളില്‍പെടുന്ന കോട്ടേജുകള്‍ , അപ്പാര്‍ട്ട്മെന്‍റുകള്‍ ,വില്ലകള്‍ , ബംഗ്ലാവുകള്‍ എന്നീ വിഭാഗങ്ങളില്‍പെട്ട വീടുകളാണ് ഓരോ തവണയും ഈ പരിപാടി നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.
ഓരോ എപ്പിസോഡും രണ്ട് പ്രത്യേക വീക്ഷണകോണിലൂടെയാണ് ഓരോ വീടിനെയും അവതരിപ്പിക്കുന്നത്.വീട്ടുടമസ്ഥന് പറയാനുള്ളതും അതോടൊപ്പം തന്നെ ആ വീടിന്റെ ആര്‍ക്കിടെക്റ്റിന്റെ വാക്കുകളും ഒരേസമയം നമുക്ക് കേള്‍ക്കാന്‍ ഈ പരിപാടി അവസരമൊരുക്കുന്നു. അവതാരക , പ്രേക്ഷകരെ ഒപ്പം കൊണ്ടു നടന്ന് , വീടിന്റെ അകവും പുറവും പരിസരവും കാണിച്ചു കൊടുത്ത് കെട്ടിടത്തിന്റെ രൂപരേഖയെക്കുറിച്ച് ഒരു ധാരണ പകരുന്ന തരത്തിലാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്. അതിനു ശേഷം വീട്ടുടമസ്ഥനുമായി വീടിന്റെ നിര്‍മ്മാണഘട്ടങ്ങളെപ്പറ്റിയുള്ള ഒരു ലഘുസംഭാഷണവും ഈ പരിപാടിയുടെ ഭാഗമാണ്.നിര്‍മ്മാണം തുടങ്ങുമ്പോള്‍ ഉദ്ദേശിച്ച മാസ്റ്റര്‍പ്ലാന്‍ , അതില്‍ വരുത്തിയ മാറ്റങ്ങള്‍ , കെട്ടിടം പണിതു തുടങ്ങിയപ്പോള്‍ പ്ലാനിനനുസരിച്ചാണോ അതോ അതില്‍ ഒരുപാട് ഭേദഗതികള്‍ വരുത്തേണ്ടി വന്നോ , ഉദ്ദേശിച്ച ചെലവില്‍ നിന്നും എത്രത്തോളം ചെലവ് കൂടി , എന്തൊക്കെ പ്രത്യേകതകളാണ് വീടിനെ വ്യത്യസ്തമാക്കുന്നത് , വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങള്‍ , മനസില്‍ സങ്കല്‍പ്പിച്ചിരുന്ന സ്വപ്നഭവനം ആ സങ്കല്‍പ്പത്തിനനുസരിച്ച് വന്നോ അതോ ആ സ്വപ്നത്തിന് മങ്ങലേറ്റോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ആ സംഭാഷണത്തില്‍ ഉള്‍പ്പെടും.
അടുത്ത ഭാഗത്തില്‍ ,വീട്ടുടമസ്ഥന്റെ സങ്കല്‍പ്പഭവനത്തിനു രൂപകല്‍പ്പന നല്‍കിയ ആര്‍ക്കിടെക്റ്റ് , ആ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തിയ പ്രയത്നങ്ങളെക്കുറിച്ചും അത് ഉടമസ്ഥന്റെ ഓരോ ആവശ്യങ്ങളോടും നീതി പുലര്‍ത്തിയോ , ഉദ്ദേശിച്ച എസ്റ്റിമേറ്റിനുള്ളില്‍ നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചോ എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഭൂപ്രകൃതിക്കനുസരിച്ചുള്ള പ്ലാന്‍ , കൂടുതല്‍ സ്ഥലപ്രതീതി ഉളവാക്കാന്‍ സ്വീകരിച്ച ഡിസൈന്‍ , വെളിച്ചത്തിന്റെ ലഭ്യതയ്ക്ക് വേണ്ടി നടത്തിയ രൂപമാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ആ സംഭാഷണത്തില്‍ ഉള്‍പ്പെടും.
അടുത്ത ഭാഗത്തില്‍ , കെട്ടിടനിര്‍മ്മാണരംഗത്ത് പുതുതായി വന്ന ടെക്നോളജികളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഇന്റ്ര്‍ലോക്കിംഗ് ഇഷ്ടികകള്‍ , പ്രകൃതിക്കനുയോജ്യമായ പച്ചപ്പു നിറഞ്ഞ പരിസരമുള്ള വീടുകള്‍ ,തുടങ്ങിയവയെക്കുറിച്ചും ഈ ഭാഗം നമ്മളോട് വിശദീകരിക്കുന്നു.
അവസാനഭാഗമായ "പഴമ പെരുമ ' എന്ന ഭാഗം , നമ്മുടെ പാരമ്പര്യത്തിന്റെ മഹത്വത്തിലേക്ക് നമ്മെ നയിക്കുന്നു. ഇതിനായി കുതിരമാളിക , പത്മനാഭപുരം പാലസ് തുടങ്ങിയ പുരാതനകെട്ടിടങ്ങളെയും കാഴ്ച്ചക്കാരന് കാട്ടിത്തരുന്നു. ഉടമസ്ഥന്റെ പോക്കറ്റിന്റെ കനത്തിനും സങ്കല്‍പ്പത്തിനും ഇണങ്ങിയ തരത്തിലുള്ള പ്ലാനിംഗ് ,ഡിസൈനിംഗ് , ലേ ഔട്ട് , വിവിധതരം കളര്‍ സ്കീമുകള്‍ ,ഫ്ലോറിംഗ് ,ഫര്‍ണിഷിംഗ് ,തുടങ്ങിയവയെക്കുറിച്ച് സ്വപ്നക്കൂട് നമുക്ക് വിശദമായി പറഞ്ഞു തരുന്നു. ഈ പരിപാടി ഒരു സ്വപ്നഭവനം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഒരു നല്ല വഴികാട്ടിയാണ്. |