പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അനാവരണം ചെയ്യുന്ന വസ്തുനിഷ്ഠമായ ഒരു ചാറ്റ് ഷോ ആണ് അമൃത റ്റിവി അവതരിപ്പിക്കുന്ന ' ദി ട്രൂത്ത് '. ജന മനസ്സില്‍ വിഗ്രഹതുല്യം സ്ഥാനം പിടിച്ച രാഷ്ടീയ- സാമൂഹ്യ-സാംസ്ക്കാരിക- വിനോദ രംഗങ്ങളിലെ പ്രഗത്ഭരുമായുള്ള അഭിമുഖം വഴി സമൂഹത്തിനറിയാന്‍ അവകാശവും അര്‍ഹതയുമുള്ള പരമാര്‍ത്ഥങ്ങള്‍ പുറത്തുകൊണ്ടുവരുന്ന വിമര്‍ശനപരവും അന്വേഷണാത്മകവുമായ ഈ പരിപാടി എല്ലാ ഞായറാഴ്ചയുംരാത്രി 8 മണിയ്ക്ക് സംപ്രേഷണം ചെയ്യുന്നു. പൊതുജനങ്ങളില്‍ സംശയത്തിന്റെയും ആശങ്കയുടെയും കരിനിഴല്‍ വീഴ്ത്തുന്ന സംഭവങ്ങളെ അതുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചോദ്യങ്ങളിലൂടെയും നേരിട്ടുള്ള വിമര്‍ശനാന്വേഷണങ്ങളിലൂടെയും പുറത്തുകൊണ്ടുവരുന്നതോടൊപ്പം അടിസ്ഥാനമീല്ലാതെ , ആരുടെയെങ്കിലും ഗൂഢലക്ഷ്യങ്ങളുടെ പേരില്‍ സംശയങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ഇരയാകേണ്ടിവരുന്ന , സമൂഹത്തില്‍ വിലയും നിലയും ഉള്ളവര്‍ക്ക് അവരുടെ നിരപരാധിത്വം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും ഈ പരിപാടി സഹായകമാവുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുംആരോപിതര്‍ക്കും തങ്ങള്‍ക്ക് പറയാനുള്ളത് പൊതുജനങ്ങളെ അറിയിക്കാന്‍ ഇത് നല്ല അവസരമാണ്. പ്രസ്താവനയും നിഷേധവും ആരോപണവും പ്രത്യാരോപണവും ചെളിവാരിയെറിയലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തലും അപവാദങ്ങള്‍ വഴി തേജോവധം ചെയ്യലും വെട്ടിലാക്കി പ്രതിക്കൂട്ടിലാക്കലുമെല്ലാം മുറപോലെ നടക്കുന്ന നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ നേരു് എന്ത് ? എന്നറിയാന്‍ കൂടി പൊതുജനത്തിന് അവസരം നല്‍കുകയാണ് ' ദി ട്രൂത്ത് '. ഈ പരിപാടിയില്‍ സത്യം കണ്ടെത്താന്‍ അവതാരകന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും സമീപനരീതികളും ഋജുവും നിശിതവും അതോടൊപ്പം സുതാര്യവുമാണ്.
മന്ത്രിമാരും രാഷ്ട്രീയമന്നന്മാരും വെള്ളിത്തിരയിലെ താരങ്ങളും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രസിദ്ധരുമെല്ലാം ഈ വേദിയില്‍ എത്തി അവരുടെ പരമാര്‍ത്ഥങ്ങളും വിമര്‍ശനവിധേയമായ കറുത്ത അദ്ധ്യായങ്ങളും പ്രേക്ഷകര്‍ക്കു മുന്‍പില്‍ തുറന്നു വയ്ക്കുന്നു. ഇവയില്‍ നിന്നും നേരറിവുകള്‍ ചികഞ്ഞെടുക്കാന്‍ പ്രേക്ഷക സമൂഹത്തിന് കഴിയുന്നു എന്നതാണ് ഈ പരിപാടിയുടെ മുഖ്യ സവിശേഷത. |