പ്രേക്ഷകര്‍ക്ക് പൊന്‍പ്രഭാതങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഉദയാമൃതം...
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പിന്നിട്ട മലയാള ടിവി പരിപാടിയാണ്
ഉദയാമൃതം. അമൃത ചാനല്‍ നിലവില്‍ വന്നപ്പോള്‍ മുതല്‍ ഇന്നുവരെ നമ്മുടെ പരമ്പരാഗത
സാംസ്കാരിക പാരമ്പര്യത്തിന്‍റെ നിലക്കാത്ത പ്രവാഹമായി ഒഴുകുകയാണ് എല്ലാ ദിവസവും
രാവിലെ 6.30 ന് സംപ്രേഷണം ചെയ്യുന്ന ഉദയാമൃതം എന്ന പ്രഭാത പരിപാടി.
ഭാരതീയ പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും ശാഖകളും ഉറവിടങ്ങളും
അവയുടെ മഹത്വവുമന്വേഷിച്ച് ചരിത്രവഴികളിലൂടെ 2500ല്‍ അധികം ഏടുകള്‍ പിന്നിട്ട
ഉദയാമൃതം ഭാരതീയതയുടെ ആത്മീയവും സാംസ്കാരികവുമായ എല്ലാ
തലങ്ങളിലൂടെയും കടന്നുപോകുന്നു. ചരിത്രത്തിന്‍റെ വേരുകള്‍ തേടി ,
സംസ്കാരത്തിന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ വഴികള്‍ തേടി ഭാരതത്തിലെല്ലായിടത്തും
ഉദയാമൃതരശ്മികള്‍ ചെന്നെത്തുന്നു.
ചരിത്രത്തിന്‍റെ ഇതിഹാസങ്ങളും പഴങ്കഥകളും നാടോടിക്കഥകളും മന്ത്രിക്കുന്ന
രാജവീഥികളും വീരയോദ്ധാക്കളുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന സ്മാരകങ്ങളും
ദേശത്തിന്‍റെ ഗതിയെ നിയന്ത്രിച്ച രാജാക്കന്മാരുടെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന
കുടീരങ്ങളും വാസ്തുവൈദഗ്ദ്യത്തിന്‍റെ പൂര്‍ണ്ണത വിളിച്ചോതുന്ന പ്രാദേശിക
സ്മാരകങ്ങളും ഉദയാമൃതത്തിലൂടെ പ്രേക്ഷകകര്‍ക്ക് അനുഭവവേദ്യമാകുന്നു.
നമ്മുടെ സാസ്കാരിക പാരമ്പര്യത്തെക്കുറിച്ചും പൌരാണിക പൈതൃകത്തെക്കുറിച്ചും
അറിയാന്‍ ഉദയാമൃതം നല്‍കുന്ന ജ്ഞാനം പ്രേക്ഷകര്‍ക്ക് സമ്പത്താണ്. ഉദയാമൃതത്തിന്‍റെ
വഴികള്‍ പുതുമ നിറഞ്ഞതാണ്, ഓരോ എപ്പിസോഡും പുതിയ കാഴ്ചകളും
അറിവുകളുമായാണ് ഉദയാമൃതം എത്തുന്നത്.
അറിവുകളും കാഴ്ചകളും കൊണ്ട് സമ്പന്നമായ 6 വര്‍ഷങ്ങള്‍ നീണ്ട യാത്ര
ഉദയാമൃതത്തിന് നേടിക്കൊടുത്ത നേട്ടങ്ങള്‍ ഏറെയാണ്. പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങളായ
ഹരിദ്വാറിലേക്കും ഋഷികേശിലേക്കും പ്രേക്ഷകരെ കൊണ്ടുപോയ ആദ്യമലയാള ടെലിവിഷന്‍
പരിപാടി, ഗാന്ധിജയന്തിദിന പ്രത്യേക പരിപാടിയില്‍ പോര്‍ബന്തറും മഹാത്മജിയുടെ
സബര്‍മതി ആശ്രമവും പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ആദ്യ മലയാളപരിപാടി
എന്നിങ്ങനെ ഉദയാമൃതത്തിനു മാത്രം സ്വന്തമായ നേട്ടങ്ങള്‍ അനവധിയാണ്.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥിരംസ്ഥാനം ഉള്ള പരിപാടി കൂടിയാണ് ഉദയാമൃതം.
ഒരു ഷോട്ട് തടസമില്ലാതെ ഏറ്റവും കൂടുതല്‍ നേരം - 55 മിനിറ്റ് - റെക്കോര്‍ഡ് ചെയ്ത
പരിപാടി എന്നതിന് 2006 ല്‍ ഉദയാമൃതം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി.
അടുത്ത വര്‍ഷം 155 മിനിറ്റ് എന്ന മാരത്തോണ്‍ യജ്ഞത്തിലൂടെ ഈ നേട്ടത്തെ കൂടുതല്‍
ഉജ്വലമാക്കി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനും ഉദയാമൃതത്തിനു കഴിഞ്ഞു.
അവതരണത്തിലെയും ഛായാഗ്രഹണത്തിലെയും നിര്‍മ്മാണത്തിലെയും മികവിനെ
മുന്‍നിര്‍ത്തി സംസ്ഥാന അവാര്‍ഡില്‍ ഗവണ്‍മെന്‍റിന്‍റെ അംഗീകാരവും പ്രശംസയും
പിടിച്ചുപറ്റാന്‍ കഴിഞ്ഞു എന്നത് ഉദയാമൃതത്തിന്‍റെ മറ്റൊരു നേട്ടമാണ്.
നിങ്ങളുടെ പ്രഭാതങ്ങളെ കൂടുതല്‍ അര്‍ത്ഥവത്തും ജ്ഞാനസമ്പന്നവും ഉന്മേഷപ്രദവുമാക്കി
സംസ്കാരത്തിന്‍റെ തായ് വേരുകള്‍ തേടി, അടുത്തും അകലെയുമായ ചരിത്രസ്മൃതികളിലൂടെ
ഉദയാമൃതം യാത്ര തുടരുന്നു.
|