പുരാണാസ്വാദനം സമ്പന്നമാക്കുവാന്‍
വിഷ്ണു പുരാണത്തെ അടിസ്ഥാനമാക്കി വി. ആര്‍. ചോപ്ര നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച മെഗാ സീരിയല്‍ വിഷ്ണു പുരാണം എല്ലാ ഞായറാഴ്ചയും രാവിലെ 9.30 ന് അമൃതാ ചാനല്‍ സംപ്രേഷണം ചെയ്യുന്നു. വിസ്മയിപ്പിക്കുന്ന സിനിമാറ്റിക്ക് ടെക്നിക്കുകള്‍, ആശ്ചര്യജനകമായ ദൃശ്യ പ്രഭാവം , അത്യാകര്‍ഷകമായ സെറ്റുകള്‍, കഥാപാത്രങ്ങള്‍ക്കനുയോജ്യമായ വേഷവിധാനം എന്നീ പ്രത്യേകതകളാല്‍ പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശന വിജയം കൈ വരിച്ച വിഷ്ണു പുരാണം മലയാളത്തിലുള്ള മൊഴിമാറ്റത്തിലൂടെയാണ് അമൃതാ ടെലിവിഷന്‍ അവതരിപ്പിക്കുന്നത്. വേദങ്ങളുടെ വ്യാഖ്യാനങ്ങളായ ഹൈന്ദവ പുരാണങ്ങള്‍ 18 ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വിഷ്ണു പുരാണം പരാമര്‍ശിക്കുന്നത് മഹാവിഷ്ണുവിന്‍റെ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീ കൃഷ്ണന്‍, കല്‍ക്കി എന്നീ 10 അവതാരങ്ങളെയാണ്. ഈ പുരാണത്തിന്‍റെ കര്‍ത്താവ് വേദവ്യാസ മഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു. പരാശര മഹര്‍ഷി മൈത്രേയന്‍ എന്ന അദ്ദേഹത്തിന്‍റെ ശിഷ്യന് നല്‍കുന്ന ഉപദേശത്തിന്‍റെ രൂപത്തിലുള്ള ഈ പുരാണം വരാഹ കല്‍പ്പത്തിലെ വൃത്താന്തങ്ങള്‍ പ്രതിപാദിക്കുന്നു. പ്രപഞ്ചസൃഷ്ടി, പ്രളയം, സംഹാരം, ചതുര്യുഗങ്ങള്‍ എന്നിങ്ങനെ അതിവിപുലമായ വിഷയങ്ങളിലധിഷ്ഠിതമായ ഈ പരമ്പര സമാരംഭിക്കുന്നത് ധ്രുവ ചരിതത്തോടെയാണ്. ധര്‍മം ക്ഷയിക്കുമ്പോള്‍ അധര്‍മം വര്‍ദ്ധിക്കുന്നു', അധര്‍മത്തെ ഇല്ലാതാക്കി ധര്‍മ്മത്തെ പുന:സ്ഥാപിക്കാനാണ് മഹാവിഷ്ണു അവതാരമെടുക്കുന്നത് എന്ന തത്ത്വമാണ് വിഷ്ണു പുരാണം പരമ്പരയുടെ കേന്ദ്ര പ്രമേയം. അതിഗംഭീരമായ സംവിധാന മികവോടെയും ചിത്രീകരണ പാടവത്തോടെയും മിനിസ്ക്രീനില്‍ ചരിത്രം സൃഷ്ടിച്ച് പ്രേക്ഷകാഭിരുചിയെ തൃപ്തിപ്പെടുത്തിയ ഈ പരമ്പരയുടെ മലയാള ഭാഷയിലുള്ള പുനരവതരണം നമ്മുടെ പുരാണാസ്വാദന സംസ്ക്കാരത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. |